പെരിന്തൽമണ്ണ: വിവിധ വിദ്യാലയങ്ങളുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കുകയും വിശിഷ്ട സേവനത്തിന് ഭൂട്ടാൻ രാജാവിൽനിന്ന് സ്വർണ മെഡലുകൾ നേടുകയും ചെയ്ത പാലമ്പള്ളിയാലിൽ ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. എരവിമംഗലത്ത് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും തുടർന്ന് ഭൂട്ടാനിലേക്ക് മാറുകയുമായിരുന്നു.
മികച്ച പ്രിൻസിപ്പലിനുള്ള ഭൂട്ടാൻ രാജാവിെൻറ രണ്ട് സ്വർണ മെഡലുകൾ നേടിയിട്ടുണ്ട്. തിരിച്ചെത്തി എം.ഇ.എസിൽ പ്രിൻസിപ്പലായി ചേർന്നു. രാജ റെസിഡൻസി സ്കൂളിലെ ജോലിക്ക് ശേഷം ഐ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിലും വള്ളുവനാട് വിദ്യാഭവനിലും പ്രിൻസിപ്പലായി.
ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്വേഷണങ്ങൾക്ക് വിദ്യാർഥികൾക്കും ഗവേഷകർക്കും അദ്ദേഹം വഴികാട്ടിയായിരുന്നു. ഭൂട്ടാനിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ ജന്മഗ്രാമത്തിൽ സ്കൂൾ ആരംഭിക്കാൻ അദ്ദേഹം നിരവധി ആളുകളെ കണ്ടു. രണ്ടു നോവലുകളും നാടകങ്ങളും ഉൾപ്പെടെ എഴുതിയിട്ടുണ്ട്. എരവിമംഗലം വായനശാലയിലെ സജീവ അംഗമായിരുന്നു. എരവിമംഗലം സ്കൂളിലെ അധ്യാപികയായിരുന്ന പരേതയായ മാധവിക്കുട്ടിയാണ് ഭാര്യ. മക്കൾ: ഗീത നാരായണൻ (തൃപ്പൂണിത്തറ), പ്രീത (ലണ്ടൻ), പ്രകാശ് (ജർമനി). സംസ്കാരം വ്യാഴാഴ്ച.