കോങ്ങാട്: ക്ഷേത്രക്കുളത്തിൽ മുങ്ങി കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. കോട്ടയം കടുത്തുരുത്തി മാഞ്ഞൂർ സൗത്ത് ശ്രീനികേതനിൽ അരവിന്ദകുമാറിെൻറ മകൻ ശ്രീരാം (27) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് കോങ്ങാട് തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിനടുത്ത് പുത്തൻ കുളത്തിലാണ് സംഭവം. താമസ സ്ഥലത്തുനിന്ന് കൂടെ താമസിക്കുന്ന സുഹൃത്തിനൊപ്പം കുളിക്കാൻ വന്ന ശ്രീരാം കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ് താഴുകയായിരുന്നു. കോങ്ങാട് അഗ്നിശമനസേനയെത്തി രാത്രി ഒമ്പത് വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാവിലെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.എസ്.ബി.ഐ കോങ്ങാട് പെരിങ്ങോട് ബ്രാഞ്ച് ജീവനക്കാരനാണ് മരിച്ച ശ്രീരാം. ഒരാഴ്ച മുമ്പ് സ്ഥലം മാറിയെത്തിയ യുവാവ് ക്ഷേത്രത്തിനടുത്ത വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ആറ് മാസം മുമ്പാണ് ബാങ്കിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഗിരിജയാണ് മാതാവ്. സഹോദരി: അഞ്ജലി (ആക്സിസ് ബാങ്ക് മണർക്കാട്).