കൊണ്ടോട്ടി: കൊളത്തൂർ വിമാനത്താവളം റോഡിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ചാലക്കുടി എലഞ്ഞിപ്ര കളിക്കൽ മൂതേടൻ വീട്ടിൽ എം.എ. ജോഷിയാണ് (41) മരിച്ചത്. സാമ്പത്തിക പ്രയാസം കാരണമുള്ള മാനസിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് സൂചനയെന്ന് കരിപ്പൂർ പൊലീസ് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹം വിദേശത്ത് പോയിരുന്നു. എന്നാൽ, കാര്യമായ ജോലി ലഭിക്കാതിരുന്നതോടെ തിരിച്ചുവന്നു. ആഗസ്റ്റ് നാലിന് വിദേശത്തു നിന്നെത്തി വിമാനത്താവള പരിസരത്ത് മുറിയെടുത്ത് ജോലി അന്വേഷിച്ചെങ്കിലും ശരിയായില്ല. ഇതേ തുടർന്നുള്ള പ്രയാസത്തിൽ അത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. ചൊവ്വാഴ്ചയാണ് കൊളത്തൂർ പുഷ്പക് ഹോട്ടലിന് എതിർവശത്തെ തോട്ടിൻകരയിലെ പ്ലാവിൽ കേബിൾ വയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിയാത്തത് കാരണം കരിപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.