മൂന്നാർ: മൂന്നാർ ടൗണിലും പരിസരങ്ങളിലുമുള്ളവരുടെ പ്രിയപ്പെട്ട ‘സായിപ്പാ’യി അറിയപ്പെട്ടിരുന്ന ജെ. ഫ്രാൻസിസ് (100) നിര്യാതനായി. കോവിഡ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പള്ളിയുടെ രേഖപ്രകാരം ലാക് ഫോർഡ് ജയിംസ് എന്ന ബ്രിട്ടീഷുകാരെൻറ മകനായി 1920ൽ കന്നിമല എസ്റ്റേറ്റ് മാനേജറുടെ ബംഗ്ലാവിലാണ് ഫ്രാൻസിസിെൻറ ജനനം. മൂന്നാറിെൻറ ചരിത്രത്തിനൊപ്പം നടന്ന അവസാനത്തെ ആളായാണ് ഇദ്ദേഹത്തെ പരിഗണിക്കുന്നത്. മൂന്നാറിൽ ഇപ്പോഴത്തെ വികസനം എത്തും മുേമ്പ സ്വന്തമായി വാഹനം ഉണ്ടായിരുന്ന അപൂർവം ചിലരിൽ ഒരാളാണ്. ഫ്രാൻസിസിെൻറ ജീപ്പാണ് അക്കാലത്ത് കല്യാണവാഹനം മുതൽ ആംബുലൻസ് വരെയായി ഓടിയിരുന്നത്. സ്വന്തമായി വീടും ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലവും മൂന്നാറിലുണ്ടായിട്ടും എല്ലാം മറ്റുള്ളവർക്ക് വിട്ടുകൊടുത്ത് ഒരു സന്യാസിയെപ്പോലെ ടൗണിൽ കഴിയുകയായിരുന്നു. മൂന്നാർ പള്ളിയുടെ നേതൃത്വത്തിൽ അന്തോനിയാർ കോളനിയിൽ പണിതു കൊടുത്ത വീട്ടിലായിരുന്നു ഒടുവിൽ താമസം. മൂന്നാറിെൻറ പഴയ കഥകളും ചരിത്രവും പുതിയ തലമുറക്ക് പറഞ്ഞുകൊടുത്ത കഥാകാരൻ കൂടിയായിരുന്നു ഫ്രാൻസിസ്. ഭാര്യ: ലാസർ മേരി. മക്കൾ: പരേതനായ സ്റ്റീഫൻ, അലക്സ്, അഗസ്റ്റിൻ.