മണ്ണാർക്കാട്: കുരുത്തിചാലിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. മലപ്പുറം വളാഞ്ചേരി കൊളത്തൂർ പരവകുഴിയിൽ വീരാൻ ഹാജിയുടെ മകൻ ഹാരിസാണ് (26) മരിച്ചത്. കുരുത്തിചാലിന് താഴെ ഒരു കിലോമീറ്ററോളം മാറി വെള്ളത്തിൽ മരത്തടിയിൽ തടഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഒഴുക്കിൽപെട്ടത്. കൂട്ടുകാർക്കൊപ്പം വൈകീട്ട് മൂന്നരയോടെയാണ് ഹാരിസ് കുരുത്തിചാലിലെത്തിയത്. പാറയിൽനിന്ന് കാൽവഴുതി വീണതാണെന്ന് കരുതുന്നു. നാട്ടുകാരും പൊലീസും ശനിയാഴ്ച രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർഫോഴ്സ് സ്കൂബ ടീമും നാട്ടുകാരും ഐ.എ.ജി വളൻറിയർമാരും ഞായറാഴ്ച നടത്തിയ തിരച്ചിലിലാണ് ഉച്ചക്ക് 12ഓടെ മൃതദേഹം കണ്ടെത്തിയത്.മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. മണ്ണാർക്കാട് പൊലീസ് കേസെടുത്തു.അബൂദബിയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഹാരിസ് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഖദീജയാണ് മാതാവ്. സഹോദരങ്ങൾ: ഹനീഫ, ശംസുദ്ദീൻ, മുഹമ്മദലി, ഹർഷ.