പാലക്കാട്: വടക്കന്തറയില്‍ പൊലീസ് ഉദ്യോഗസ്ഥെൻറ വാഹനമിടിച്ച് ചികിത്സയിലിരുന്ന വയോധികന് മരിച്ചു. വടക്കന്തറ സെൽവി നഗർ ഖദീജ മൻസിലിൽ അബ്ദുൽ വഹാബാണ് (72)മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മലമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗിരീഷിെൻറ സ്വകാര്യകാറിടിച്ചാണ് അപകടമുണ്ടായത്. ആഗസ്റ്റ് 14ന് വൈകീട്ട് അഞ്ചരയോടെ വടക്കന്തറ റോഡിലായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ അബ്ദുൽ വഹാബിനെ ആദ്യം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂർ ജില്ല ആശുപത്രിയിേലക്കും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്.അതേ സമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തെങ്കിലും തുടർ നടപടിയെടുത്തിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.പരേതയായ അനീസുമ്മയാണ് അബ്ദുൽ വഹാബിെൻറ ഭാര്യ. മക്കള്‍: ഷാജഹാന്, ഷാജിത, ശര്‍മിള, ഷബീർ. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പള്ളിത്തെരുവ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.