കല്ലേക്കാട്: തിരുവോണ നാളിൽ കൽപാത്തി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളിൽ രണ്ടുപേർ മുങ്ങി മരിച്ചു. പിരായിരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ കൽപാത്തി പുഴയിൽ പറക്കോട് കടവിൽ ശനിയാഴ്ച ഉച്ചയോടെ കുളിക്കാനിറങ്ങിയ കല്ലേക്കാട് പറക്കോട് വീട്ടിൽ നൗഷാദ്-റഷീദ ദമ്പതികളുടെ മകൻ ഹാശിം (20), ഹാശിമിെൻറ പിതൃസഹോദരിയുടെ മകൻ സേലം പച്ചപ്പെട്ടി 3 സ്ട്രീറ്റിൽ അശോഭ് നഗറിൽ കാജ-നസീമ ദമ്പതികളുടെ മകൻ അൻസീർ (19) എന്നിവരാണ് മുങ്ങി മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് ഹാശിമും അൻസീറും ഹാശിമിെൻറ മറ്റൊരു പിതൃസഹോദരിയുടെ മകൻ റാശിമും ചേർന്ന് പറക്കോട് കടവിൽ കുളിക്കാൻ പോയത്. കടവിലിറങ്ങിയതും അൻസീർ മണലെടുത്ത കുഴിയിൽപെട്ട് മുങ്ങി താഴ്ന്നു. അൻസീറിനെ രക്ഷിക്കാൻ ശ്രമിച്ച ഹാശിമും കുഴിയിൽപെട്ടു മുങ്ങി. ഉടനെ റാശിം വീട്ടിലേക്ക് ഓടി വീട്ടുകാരെയും നാട്ടുകാരെയും വിവരമറിയിച്ചു. ഓടിക്കൂടിയവർ തിരച്ചിൽ നടത്തുന്നതിനിടെ പാലക്കാട്ടുനിന്ന് അഗ്നിരക്ഷ സേനയും എത്തി. ഉച്ചക്ക് മൂന്നോടെ രണ്ടു പേരെയും കരക്കെത്തിച്ച് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ഹാശിം ഇലക്ട്രീഷ്യനും അൻസീർ സേലത്ത് ബിരുദ വിദ്യാർഥിയുമാണ്.
ഹാശിമിെൻറ സഹോദരങ്ങൾ: അൻശഫ്, അൻശിഫ. യുവാക്കൾപുഴയിൽപെട്ട വിവരമറിഞ്ഞ് ഷാഫി പറമ്പിൽ എം.എൽ.എയും സ്ഥലത്തെത്തിയിരുന്നു. തിരുവോണ ദിവസത്തിലെ ആഹ്ലാദത്തിനിടയിൽ യുവാക്കളുടെ ദാരുണാന്ത്യം കല്ലേക്കാട് മേഖലയെ ദുഃഖത്തിലാക്കി.