വിതുര: വിവാഹനിശ്ചയത്തിന് രണ്ടുദിവസം ബാക്കി നിൽക്കെ, സ്കൂട്ടറിെൻറ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൊപ്പം നെല്ലിക്കുഴി തടത്തരികത്ത് വീട്ടിൽ സുരേഷിെൻറയും അനിതയുടെയും മകൾ ആര്യ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10ന് വിതുര-ചുള്ളിമാനൂർ റോഡിൽ പതിനെട്ടാംകല്ല് കുരിശ്ശടിക്ക് സമീപമായിരുന്നു അപകടം. കരകുളത്തെ സ്വകാര്യ ആശുപത്രിയിൽ എക്സ്റേ ടെക്നീഷ്യനായ ആര്യ ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് അപകടത്തിൽപെട്ടത്. സ്കൂട്ടറിെൻറ പിറകിലെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം. റോഡിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ആര്യയെ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പറണ്ടോട് മലയടി സ്വദേശിയുമായുള്ള വിവാഹ നിശ്ചയം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് മരണം. ആര്യയുടെ പിതാവ് സുരേഷ് വിദേശത്താണ്. സംസ്കാരം പിന്നീട്.