കൊല്ലങ്കോട്: ശസ്ത്രക്രിയക്ക് കാത്തുനിൽക്കാതെ വൃക്ക രോഗി മരിച്ചു. വടവന്നൂർ പുല്ലുവായ് കുളമ്പിൽ ഉണ്ണികൃഷ്ണെൻറ (മുതലമട സർക്കാർ സീഡ് ഫാം) മകൻ വിത്സനാണ് (32) വൃക്ക രോഗം ബാധിച്ച് ചികിത്സക്കിടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഒരു വർഷത്തിലധികമായി വൃക്കരോഗത്തിന് ചികിത്സ നടത്തി വരുകയായിരുന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും ഡയാലിസിസിനുമായി എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവരെ ഉൾപ്പെടുത്തി ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ ചികിത്സ ധനസഹായ സമാഹരണത്തിനായി വടവന്നൂരിൽ ബിരിയാണി ഫെസ്റ്റും നടത്തി. കോവിഡ് പ്രതിസന്ധികൾക്കിടയിലും ചികിത്സ ധനസഹായത്തിനായി എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നാട്ടുകാരും പരിശ്രമങ്ങൾ നടത്തുന്നതിനിടെയാണ് വിത്സെൻറ ആരോഗ്യ സ്ഥിതി മോശമായത്. സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. വടവന്നൂർ വിത്സൻ ഫോട്ടോഗ്രാഫി സ്റ്റുഡിയോ ഉടമയാണ്. മാതാവ്: വത്സല. സഹോദരി: ബിൻസി. സംസ്കാരം ബുധനാഴ്ച രാവിലെ ഏഴോടെ ചിറ്റൂർ പുഴ ശ്മശാനത്തിൽ.