നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം വയോധികൻ പൊലീസിൽ കീഴടങ്ങി. കുടുംബവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് അരുവിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ കളത്തറ കാവനംപുറത്ത് വീട്ടിൽ വിമലയെ (68) ഭർത്താവ് ജനാർദനൻ നായർ (71) വെട്ടിക്കൊലപ്പെടുത്തിയത്. ഇവരോടൊപ്പം മകനും കുടുംബവും താമസിക്കുന്നെങ്കിലും ഇവർ സംഭവമറിഞ്ഞില്ല. ഈ സമയത്ത് നല്ല മഴയായിരുന്നു. കൃത്യം നടത്തിയ ശേഷം ജനാർദനൻ നായർ വിവരം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചു. അതിനുശേഷമാണ് അരുവിക്കര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവിടെ നിന്ന് പൊലീസ് എത്തിയ ശേഷമാണ് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. വിമലയും ഭർത്താവ് ജനാർദനനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായി. തെങ്ങുകയറ്റത്തൊഴിലാളിയാണ് ജനാർദനൻ. മക്കൾ: ഗീത, രാധിക, സുരേഷ്. മരുമക്കൾ: ഹരികുമാർ, ജയപാൽ, രജനി.