ബൈക്കോടിച്ചിരുന്ന രാഹുലും പരിക്കേറ്റ് ചികിത്സയിലാണ്
പോത്തൻകോട്: ബൈക്കും ടാറ്റ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. പ്രസന്നകുമാർ-വിജയമ്മ ദമ്പതികളുടെ മകളും മംഗലപുരം വാലിക്കോണം വെയിലൂർ ചീനിവിള തൊടിയിൽ വീട്ടിൽ രാഹുലിെൻറ ഭാര്യയുമായ അർച്ചന (26) ആണ് മരിച്ചത്. ബന്ധുവിെൻറ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ദമ്പതികളാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പൗഡിക്കോണം-പോത്തൻകോട് റോഡിൽ തേരിവിള ജങ്ഷനു സമീപത്തെ വളവിലായിരുന്നു അപകടം. പോത്തൻകോട് ഭാഗത്തുനിന്ന് പൗഡിക്കോണം ഭാഗത്തേക്കു പോയ ബൈക്കും പൗഡിക്കോണം ഭാഗത്തുനിന്ന് പോത്തൻകോട്ടേക്ക് വന്ന ടാറ്റ സുമോയും കൂട്ടിയിടിച്ചാണ് അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്ക് സുമോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അർച്ചനയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കോടിച്ചിരുന്ന രാഹുലും പരിക്കേറ്റ് ചികിത്സയിലാണ്. പൗഡിക്കോണത്തെ പാസ്റ്ററുടെ ഉടമസ്ഥതയിലുള്ളതാണ് ടാറ്റ സുമോ. മകൻ: റിഥുരാജ്.