ശാസ്താംകോട്ട: സ്വാതന്ത്ര്യസമര സേനാനി മൈനാഗപ്പള്ളി ഇടവനശ്ശേരി ചെമ്പകത്തിൽ (തോട്ടുമുഖം ആതിര ഭവനത്തിൽ) സി.ആർ. അപ്പുക്കുട്ടൻപിള്ള (102) നിര്യാതനായി. 1939 മുതൽ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 1950ൽ കരുനാഗപ്പള്ളി - കുന്നത്തൂർ മേഖലയിൽ കശുവണ്ടി തൊഴിലാളി കോൺഗ്രസ് ഐ.എൻ.ടി.യു.സി രൂപവത്കരിച്ച് അതിന് നേതൃത്വം നൽകിവന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി രൂപവത്കരണം മുതൽ പ്രവർത്തിച്ചുവന്നു. മഹാത്മ ഗാന്ധി പന്മന ആശ്രമത്തിൽ എത്തിയപ്പോൾ നേരിൽ കാണാനും ഗാന്ധിജിയുടെ വാത്സല്യം അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. സി.ആർ. അപ്പുക്കുട്ടൻപിള്ളയുടെ നൂറാം ജന്മദിനം കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിക്കുട്ടിയമ്മ. മക്കൾ: രാധാകൃഷ്ണൻ, മണി, പ്രസന്ന, പരേതനായ ശശീന്ദ്രൻ. മരുമക്കൾ: സരസ്വതി, രാമചന്ദ്രൻ, ഷീജ, അജികുമാർ.