കല്ലമ്പലം: സിനിമ സംവിധായകനും നാടക സംവിധായകനും നടനുമായ നാവായിക്കുളം പാലാഴിയിൽ കെ.പി. പിള്ള (91) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 2.30നായിരുന്നു അന്ത്യം. 1970ൽ രാമു കാര്യാട്ടിെൻറ അഭയം എന്ന സിനിമയിൽ സഹസംവിധായകനായി സിനിമരംഗത്ത് കടന്നുവന്ന അദ്ദേഹം 1971ൽ മധുവിെൻറ ‘പ്രിയ’ എന്ന സിനിമയിലും തുടർന്ന് മയിലാടുംകുന്ന്, ഇൻക്വിലാബ് സിന്ദാബാദ്, പണിതീരാത്ത വീട്, ആദ്യത്തെ കഥ എന്നീ സിനിമകളിലും സഹസംവിധായകനായി.1974 ൽ ‘നഗരം സാഗരം’ സംവിധാനം ചെയ്തു.1975 ൽ വൃന്ദാവനം 1977ൽ അഷ്ടമുടിക്കായൽ, 1978 ൽ കതിർ മണ്ഡപം, 1980 ൽ പാതിരാ സൂര്യൻ,1981ൽ പ്രിയസഖി രാധ എന്നീ സിനിമകളും സംവിധാനം ചെയ്തു. വർക്കല ചിലക്കൂർ കുടവറത്ത് പരേതരായ പരമേശ്വരൻ പിള്ളയുടെയും ദേവകിയമ്മയുടെയും മകനാണ്. വർക്കല ശിവഗിരി, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം 21 വർഷം ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ കാൺപൂർ, അംബാല, അലഹാബാദ്, തമിഴ്നാട്ടിലെ താംബരം എന്നിവിടങ്ങളിൽ മലയാള നാടക സംവിധായകനായും നടനായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: പത്മം, ശാലിനി, പരേതയായ ഉമ, ബീന. മരുമക്കൾ: സാബു, പ്രദീപ്, ഗോപിനാഥൻ, ശശിധരൻ.