മൂവാറ്റുപുഴ: തൃക്കളത്തൂരിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. തൊടുപുഴ പുറപ്പുഴ മുക്കിലക്കാട്ടിൽ രാജേന്ദ്രെൻറയും സജിനിയുടെയും മകൻ അമർനാഥ് ആർ. പിള്ളയാണ് (20) ചൊവ്വാഴ്ച പുലർച്ച കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ച മൂവാറ്റുപുഴ _പെരുമ്പാവൂർ എം.സി റോഡിൽ തൃക്കളത്തൂർ മില്ലുംപടിയിലുണ്ടായ അപകടത്തിൽ അമർനാഥിെൻറ സഹോദരൻ ആദിത്യൻ ആർ. പിള്ള (23), തൊടുപുഴ പുറപ്പുഴ കമുകിൻതോട്ടത്തിൽ കുന്നേൽ ബാബുവിെൻറയും രജനിയുടെയും മക്കളായ വിഷ്ണു ബാബു (24), അരുൺ ബാബു (22) എന്നിവർ മരിച്ചിരുന്നു. അമർനാഥിെൻറ മാതൃസഹോദരിയുടെ മക്കളാണ് അരുണും വിഷ്ണുവും. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും മൈസൂരുവിൽനിന്ന് പുറപ്പുഴക്ക് മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച റിറ്റ്സ് കാറുമാണ് കൂട്ടിയിടിച്ചത്. അമർനാഥ് തൊടുപുഴ മുട്ടം എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയാണ്. മറ്റൊരു സഹോദരൻ: അനന്തകൃഷ്ണൻ ആർ. പിള്ള.