മറയൂർ: സുഹൃത്തുക്കൾക്ക് വിഡിയോ സന്ദേശം അയച്ചശേഷം പ്രണയ ജോഡികളുടെ ആത്മഹത്യ ശ്രമം. യുവാവ് മരിച്ചു. യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മറയൂർ സ്വദേശിനിയും സ്വകാര്യ സ്കൂൾ അധ്യാപികയായ യുവതിയും പെരുമ്പാവൂർ മാറമ്പള്ളി നട്ടുംകല്ലിങ്കൽ വീട്ടിൽ നാദിർഷയുമാണ് (30) ആത്മഹത്യശ്രമം നടത്തിയത്.യുവതിയെ ഇരുകൈകളുടെയും ഞരമ്പുകൾ മുറിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. യുവാവിനെ കൊക്കയിൽ മരിച്ച നിലയിലും. വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് സംഭവം. രാവിലെ ഇരുവരും മറയൂരിൽനിന്ന് ഇരച്ചിൽപാറ വെള്ളച്ചാട്ടം ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം രണ്ടുമണിയോടെ കാന്തല്ലൂരിലെ ഭ്രമരം വ്യൂ പോയൻറിലെത്തി. അതിന് മുമ്പ് കാർ റോഡരികിൽ നിർത്തി. അവിടെ െവച്ച് വിഡിയോ സന്ദേശം സുഹൃത്തുക്കൾക്ക് അയച്ചതായി പൊലീസ് കണ്ടെത്തി.അതിങ്ങനെ: ‘ഞങ്ങൾ പ്രണയത്തിലാണ്... എന്നാൽ, ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുന്നില്ല. അതിനാൽ ഞങ്ങൾ ആത്മഹത്യ ചെയ്യുന്നു’ വ്യൂ പോയൻറിലെത്തിയ യുവാവ് മദ്യം ഉപയോഗിച്ചതായും കണ്ടെത്തി. വിനോദസഞ്ചാരികൾ വ്യൂ പോയൻറ് സന്ദർശിക്കാൻ എത്തിയപ്പോൾ യുവതി കൈ ഞരമ്പ് മുറിഞ്ഞ നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു.ഇവർ അറിയിച്ചതനുസരിച്ച് സമീപത്തെ ആദിവാസി യുവാക്കളെത്തി മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.അബോധാവസ്ഥയിൽ കിടന്ന യുവതിയെ സംസാരിപ്പിക്കാൻ ശ്രമിച്ചപ്പോൾ താൻ ഒറ്റക്കല്ല, ഒപ്പം മറ്റൊരാൾ ഉണ്ടെന്ന് മാത്രം പറഞ്ഞു.തുടർന്ന് മറയൂർ പൊലീസും ആദിവാസി യുവാക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കൊക്കയിൽ യുവാവിെൻറ മൃതദേഹം കണ്ടെത്തിയത്. മറയൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.