പാണ്ടിക്കാട്: ലോഡിറക്കുന്നതിനിടെ മാർബിളുകൾക്കിടയിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് കൊടശ്ശേരിയിലെ മാർബിൾ കടയിൽ ലോഡ് ഇറക്കുകയായിരുന്ന രാജസ്ഥാൻ ബാൻസ്വാര സ്വദേശി മണിലാലാണ് (42) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 11.30നാണ് അപകടം. ലോറിയുടെ രണ്ടു ഭാഗത്തുമായി ചാരിവെച്ച മാർബിളുകൾക്ക് നടുവിൽനിന്ന് ലോഡ് ഇറക്കുന്നതിനിടെ ഒരു ഭാഗത്തെ മാർബിളുകൾ മണിലാലിെൻറ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു. മാർബിളുകൾക്കിടയിൽ കുടുങ്ങിയ മണിലാലിനെ രക്ഷിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന്, തിരുവാലിയിൽനിന്നെത്തിയ അഗ്നിരക്ഷ സേന, പാണ്ടിക്കാട് പൊലീസ്, ട്രോമാകെയർ, പൊലീസ് വളൻറിയർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.