ചങ്ങരംകുളം: പ്രശസ്ത ഇസ്ലാഹി പണ്ഡിതനും പാവിട്ടപ്പുറം പുത്തൻപുരക്കൽ പണ്ഡിത കുടുംബാംഗവുമായ പി.കെ. ഇബ്രാഹീംകുട്ടി മൗലവി (82) നിര്യാതനായി. പള്ളി ദർസുകളിലൂെടയും ഇസ്ലാമിക വിജ്ഞാന ശാഖകളിലെ പരന്ന വായനയിലൂടെയും മുസ്ലിം പണ്ഡിതശ്രേണിയിലെ ഉന്നതസ്ഥാനീയനായിരുന്നു. കരുനാഗപ്പള്ളി, കോക്കൂർ തുടങ്ങിയ പള്ളിദർസുകളിലൂടെയാണ് പഠനം തുടങ്ങിയത്. ഫറോക്ക് ഫാറൂഖ് കോളജിൽനിന്ന് അറബിയിൽ ബിരുദം നേടി. കോക്കൂർ ഗവ. ഹൈസ്കൂളിലും വിദേശ രാജ്യങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പാവിട്ടപ്പുറം, ചങ്ങരംകുളം, മൂക്കുതല, പൊന്നാനി, നരണിപ്പുഴ, കൊടുങ്ങല്ലൂർ എന്നിവടങ്ങളിൽ ഖുത്ബ നിർവഹിച്ചിട്ടുണ്ട്. പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളജ്, പാവിട്ടപ്പുറം അസ്സബാഹ് അറബിക് എജ്യുക്കേഷണൽ കോംപ്ലക്സ്, വളയംകുളം എം.വി.എം സ്കൂൾ, പാവിട്ടപ്പുറം മസ്ജിദ് തുടങ്ങിയവയുടെ സ്ഥാപക അംഗമാണ്. ഭാര്യ: ആയിഷക്കുട്ടി ടീച്ചർ (റിട്ട. അധ്യാപിക). മക്കൾ: മുജീബ് റഹ്മാൻ (എൻജിനിയർ), ഷാനിബ്, റാഫിദ (അക്യുപങ്ചറിസ്റ്റ്), നൗറീൻ (അക്യുപങ്ചറിസ്റ്റ്). മരുമക്കൾ: നൂറുദ്ദീൻ, പി.പി. ഖാലിദ്, ഫസീല (പാവിട്ടപ്പുറം അൽ ഫിത്റ സ്കൂൾ അധ്യാപിക), സഫ്ന. സഹോദരങ്ങൾ: സൈനബ (എടപ്പാൾ), പരേതരായ മുഹമ്മദ്, മറിയക്കുട്ടി, കദീജ, സാറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കോക്കൂർ പാവിട്ടപ്പുറം ഖബർസ്ഥാനിൽ.