വള്ളക്കടവ്: പൊലീസ് കസ്റ്റഡിയിലിരുന്ന പ്രതിയെ സബ് ജയിലിന് മുന്നില്‍െവച്ച് ബോംെബറിഞ്ഞ് കൊന്ന കേസില്‍ പരോളില്‍ കഴിഞ്ഞ ഒന്നാംപ്രതി തിരുവനന്തപുരം വള്ളക്കടവ് പ്രിയദര്‍ശിനി നഗര്‍ ടി.സി 88/354ല്‍ ഫാറൂഖ് എന്ന കാരാട്ടേ ഫാറൂഖ് (52) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. 1999 ജൂലൈ 16ന് എല്‍.ടി.ടി കബീറിനെയാണ് അട്ടക്കുളങ്ങര സബ് ജയിലിന് മുന്നില്‍ െവച്ച് ബോംെബറിഞ്ഞ് കൊന്നത്. 2004ല്‍ ഇയാളെ കോടതി വധശിക്ഷക്ക് വിധിച്ചു. തുടര്‍ന്ന് സുപ്രീംകോടതി ഇരട്ട ജീവപര്യന്തമാക്കി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് പരോള്‍ നല്‍കിയതിെൻറ ഭാഗമായി മൂന്ന് മാസം മുമ്പ് പുറത്തിറങ്ങിയ ഫാറൂഖ് ശാരീരിക അസ്വസ്ഥകള്‍ കാരണം ചികിത്സയിലായിരുന്നു. വലിയതുറ പൊലീസ് ജയില്‍ അധികൃതരെ വിവരമറിയിച്ചു. കോടതിയുടെ അനുമതിയോടെ ജയിൽ അധികൃതര്‍, മുട്ടത്തറ വില്ലേജ് ഓഫിസര്‍, വിരലടയാള വിദ്ഗധര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വലിയതുറ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനെ ചൊല്ലി ബന്ധുക്കളും പൊലീസും തമ്മില്‍ വാക്കുതർക്കമുണ്ടായി. ഭാര്യ: നജ്മി. മക്കള്‍: ഷെഹീന, ഷിഫിന.