നേമം (തിരുവനന്തപുരം): മകൾ വയോധികയെ വെട്ടിക്കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ കൈതൂർക്കോണത്താണ് വെള്ളിയാഴ്ച രാവിലെ 7.30ന് നാടിനെ നടുക്കിയ സംഭവം.കൈതൂർക്കോണം കല്ലറയ്ക്കൽ ചാനൽക്കര വീട്ടിൽ അന്നമ്മയാണ് (92) െകാല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ ലീലയെ (62) പൊലീസ് അറസ്റ്റ് ചെയ്തു. മാനസികാസ്വാസ്ഥ്യത്തിന് വർഷങ്ങൾക്കുമുമ്പ് ലീല ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. വീടിന് പുറത്തിരിക്കുകയായിരുന്ന അന്നമ്മയെ വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്തിയശേഷം തൊണ്ടും പാഴ്വസ്തുക്കളും കൂട്ടിയിട്ടശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് തീ കെടുത്തിയത്. തലയുടെ ഭാഗം ഏറക്കുറെ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സ്ഥിരമായി വഴക്കുപറയുന്നതാണ് കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി. പരേതനായ ബാലരാജയാണ് അന്നമ്മയുടെ ഭർത്താവ്. മറ്റ് മക്കൾ: സെൽവരാജ്, തങ്കപ്പൻ, ദാസ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.