നേമം: സിനിമ-സീരിയൽ താരം രമേശ് വലിയശാല(54)യെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വലിയശാല കാണാവിള ഉജ്ജയിനി നഗർ ദർശന വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തികപ്രശ്നം മൂലമുള്ള ആത്മഹത്യയെന്നാണ് സൂചന. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് പരിസരവാസികൾ വിവരമറിയുന്നത്. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. പരേതരായ രവീന്ദ്രൻ നായർ-രാധ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലെ പഠനത്തിനുശേഷം സീരിയൽ രംഗത്ത് സജീവമായി. 22 വർഷമായി സീരിയൽ-സിനിമ രംഗത്തുണ്ട്. ആദ്യകാല നാടക നടന്മാരിൽ പ്രധാനിയായിരുന്നു രമേഷ് വലിയശാല. 40 വർഷത്തിലേറെയായി വലിയശാലയിലാണ് സ്ഥിരതാമസം. ആദ്യ ഭാര്യ ഗീത കാൻസർ ബാധിച്ച് മരിച്ചശേഷം രണ്ടാമത് വിവാഹിതനാകുകയായിരുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാൽ’ എന്ന സിനിമയിൽ അഭിനയിച്ചുവരികയായിരുന്നു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്ന രമേഷ് രണ്ടുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഭാര്യ: മിനി. മക്കൾ: ശ്രുതി, വിഷ്ണു. എൻജിനീയറിങ് പഠനം പൂർത്തിയാക്കിയശേഷം കാനഡയിൽ ജോലിചെയ്തുവരുന്ന വിഷ്ണു തിങ്കളാഴ്ച നാട്ടിലെത്തിയ ശേഷമായിരിക്കും മരണാനന്തര ചടങ്ങുകൾ നടക്കുക. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.