എടവണ്ണ: അജ്ഞാത വാഹനം ബൈക്കിലിടിച്ച് പാചകത്തൊഴിലാളി മരിച്ചു. ചന്തക്കുന്ന് പരേതനായ പറമ്പാടൻ അലവിക്കുട്ടിയുടെ മകൻ എ.പി. സക്കീർ ഹുസൈനാണ് (47) മരിച്ചത്. ശനിയാഴ്ച പുലർച്ച 4.30ന് കെ.എൻ.ജി റോഡിലെ കുണ്ടുതോട് വളവിലായിരുന്നു അപകടം. എടവണ്ണയിൽ താമസിക്കുന്ന സക്കീർ ഹുസൈൻ വണ്ടൂർ നടുവത്ത് ഒരു വിവാഹത്തിനുവേണ്ടി പാചകം ചെയ്യാനായി പോകുന്നതിനിടെയാണ് അപകടം. എതിരെ വന്ന വാഹനം സക്കീറിെൻറ ബൈക്കിൽ ഇടിച്ച് കടന്നുകളയുകയായിരുന്നു.
വഴി യാത്രക്കാരും നാട്ടുകാരും ചേർന്ന് സക്കീറിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. നിലമ്പൂർ സി.എച്ച് സെൻററിൽ റമദാനിൽ പാചകക്കാരനായി പ്രവർത്തിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം ഞായറാഴ്ച ചന്തക്കുന്ന് വലിയ പള്ളി ഖബർസ്ഥാനിൽ.
മാതാവ്: പരേതയായ അങ്ങാടിപ്പറമ്പൻ നബീസ. ഭാര്യ: ജസ്നി ബാനു. മക്കൾ: മുഹമ്മദ് സജ്ജാദ്, സജിൽ, സഹൽ, ഷിബിൽ. സഹോദരങ്ങൾ: അബ്ദുന്നാസർ, സുബൈദ, റസീന, പരേതനായ അബ്ദുൽ അസീസ്.