പൊന്നാനി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ല മുശാവറ അംഗം പുറങ്ങ് അബ്ദുല്ല മുസ്ലിയാര് (72) നിര്യാതനായി. ഞായറാഴ്ച പുലർച്ച ഒന്നിന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മസ്കത്തിൽ സുന്നി സെൻറർ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുകയും 30 വർഷത്തോളം നേതൃത്വം നൽകുകയും ചെയ്തു. സമസ്ത സുന്നി സെൻറർ മദ്റസ പ്രിൻസിപ്പൽ, ‘സുപ്രഭാതം’ ദിനപത്രം അഡ്വൈസറി ബോർഡ് അംഗം, സമസ്ത കേരള ജംഇയ്യതുൽ ഉലമ പൊന്നാനി താലൂക്ക് വൈസ് പ്രസിഡൻറ്, പൊന്നാനി മണ്ഡലം പ്രസിഡൻറ്, ദാറുൽ ഹിദായ കമ്മിറ്റി അംഗം, പുറങ്ങ് ദാറുൽ ഖുർആൻ ഹിഫ്ള് കോളജ് വർക്കിങ് പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: ഖദീജ. മക്കൾ: സഹീർ അൻവരി പുറങ്ങ് (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം), സറീന, മുഹമ്മദ് ശമീം, മുഹമ്മദ് ശഫീഖ്, അബ്ദു ശുക്കൂർ. മരുമകൾ: ഹബീബ്, സുമയ്യ, അനിശ, സമീന.