തിരുവല്ല: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ തിരുവല്ല സ്വദേശിയടക്കം രണ്ട് ഐ.ടി പ്രഫഷനലുകൾ ഈറോഡിലെ അണക്കെട്ടിൽ മുങ്ങിമരിച്ചു. തിരുവല്ല കാവുംഭാഗം പുറയാറ്റ് വീട്ടിൽ സുരേഷ് ബാബു-അനിത കുമാരി ദമ്പതികളുടെ ഏക മകൻ കിരൺ ബാബു (23), മലപ്പുറം പൊന്നാനി ഐരമംഗലം തട്ടകത്ത് വീട്ടിൽ പ്രകാശ്-പ്രിയ ദമ്പതികളുടെ മകൻ യദുകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്. ഇരുവരും ബാംഗളൂരുവിലെ ഐ.ടി കമ്പനിയിൽ ജീവനക്കാരാണ്. ശനിയാഴ്ച വൈകീട്ട് മൂേന്നാടെ കാവേരി നദിയിലെ കാരണപാളയം അണക്കെട്ടിലായിരുന്നു അപകടം. കിരൺ ബാബു ഉൾപ്പെടുന്ന ഏഴംഗ സംഘം വിനായക ചതുർഥിയോടനുബന്ധിച്ച് ഈറോഡ് ചെന്നിമല സ്വദേശിയും സുഹൃത്തുമായ നരേന്ദ്രെൻറ വീട്ടിൽ എത്തിയതായിരുന്നു. രണ്ട് കാറുകളിലായാണ് സംഘം കുളിക്കാനെത്തിയത്. കിരണും യദുവും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കൾ ഒച്ചവെച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന മീൻപിടിത്തക്കാർ ഓടിയെത്തി ഇരുവരെയും കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ പെരുന്തുറ മെഡിക്കൽ കോളജിലേക്ക് മാറ്റി. കിരൺ ബാബുവിെൻറ സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.