കൊട്ടാരക്കര: വാഹനാപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കൊട്ടാരക്കരയിൽ വീണ്ടും അപകടം; ഒരാൾ മരിച്ചു, രണ്ടു പേർക്ക് ഗുരുതര പരിക്ക്. കടയ്ക്കൽ മുല്ലക്കര ചരുവിള വീട്ടിൽ ശശി- ലത ദമ്പതികളുടെ മകൻ ശരത് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിനീത്, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ച 5.30ന് എം.സി റോഡിൽ മൈലത്തായിരുന്നു അപകടം.റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ അടൂർ ഭാഗത്തേക്ക് പോയ ബൈക്കിടിച്ചാണ് അപകടം. ബൈക്കിൽ മൂന്നു പേരാണ് യാത്ര ചെയ്തിരുന്നത്. ഇടിയുടെ ആഘാതത്തിൽ മൂന്നുപേരും റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ശരത് സംഭവസ്ഥലത്ത് മരിച്ചു. പൊലീസെത്തി മൂവരെയും കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചു. ശരത്തിെൻറ മരണം സ്ഥിരീകരിച്ചതോടെ മറ്റു രണ്ടു പേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയായി എം.സി റോഡിലും ദേശീയപാതയിലുമായി പത്തോളം അപകടങ്ങൾ നടന്നു. മുമ്പുണ്ടായ അപകടങ്ങളിൽ രണ്ടുപേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.