കൊട്ടാരക്കര: മകനോടൊപ്പം യാത്ര ചെയ്യവെ കുട നിവർത്തിയ അമ്മ ബൈക്കിൽനിന്ന് വീണുമരിച്ചു. പുത്തൂർ ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണു ഭവനിൽ ശശിധരൻ പിള്ളയുടെ ഭാര്യ ഗീതാകുമാരിയമ്മ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെ ചീരങ്കാവ് റോഡിൽ ഈരാടൻ മുക്കിനു സമീപമായിരുന്നു അപകടം. കശുവണ്ടിത്തൊഴിലാളിയായ ഗീതാകുമാരിയമ്മ മകനോടൊപ്പം പരുത്തുംപാറയിലുള്ള കശുവണ്ടി ഫാക്ടറിയിലേക്ക് പോകുമ്പോൾ മഴ പെയ്തതോടെ കുട നിവർത്തി. ഈ സമയം എതിരെ വാൻ കടന്നുപോയപ്പോഴുണ്ടായ കാറ്റിൽ കുട പിറകോട്ട് ചാഞ്ഞ് ഗീതാകുമാരിയമ്മ തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. മകൻ വിഷ്ണു ഗുരുതരമായി പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ നിരവധി വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആദ്യം ആരും നിർത്തിയില്ല. പിന്നീട്, ഇതുവഴി വന്ന കാറിൽ എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരുമകൾ: ആര്യ. എഴുകോൺ പൊലീസ് കേസെടുത്തു.