പാങ്ങോട്: പാങ്ങോട് പഞ്ചായത്തിെൻറ ആദ്യ പ്രസിഡൻറും ജില്ലയിലെ കോണ്‍ഗ്രസിെൻറ മുന്‍നിര നേതാവുമായിരുന്ന പി.എ. റഹിം(77) നിര്യാതനായി. 1977ല്‍ കല്ലറ പഞ്ചായത്ത് വിഭജിച്ച് പാങ്ങോട് പഞ്ചായത്ത് രൂപവത്കരിച്ചപ്പോള്‍ നാമനിർദേശത്തിലൂടെയാണ് ഇദ്ദേഹം പ്രസിഡൻറായത്. തുടര്‍ന്ന് നടന്ന െതരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും ഒരിക്കല്‍കൂടി പ്രസിഡൻറായി തുടര്‍ച്ചയായി 12 വര്‍ഷക്കാലം പാങ്ങോട് പഞ്ചായത്തിനെ നയിക്കുകയും ചെയ്തു. ഇക്കാലയളവില്‍ നിര്‍ധനര്‍ക്ക് വീട്, ആദിവാസി മേഖലകളില്‍ ടി.വി കിയോസ്ക്, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കി. മുന്‍ മുഖ്യമന്ത്രി കെ. കുരണാകരനുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അഞ്ച് വർഷക്കാലം വാമനപുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറായും പ്രവര്‍ത്തിച്ചു. 2000നുശേഷം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. അവിവാഹിതനായ ഇദ്ദേഹം ഒറ്റപ്പെട്ട് തിരുവനന്തപുരത്ത് ജീവിച്ചുപോരുകയായിരുന്നു. അടുത്തകാലത്ത് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നാട്ടിലെ സുഹൃത്തുക്കള്‍ പാങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടുവരികയും സംരക്ഷിച്ചുപോരുകയും ചെയ്യുന്നതിനിടയില്‍ ബുധനാഴ്ച രാത്രിയോടെയായിരുന്നു മരണം.