കട്ടപ്പന: ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു. കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ വർക്കർ വലിയതോവാള പാലന്താനത്ത് ബാലകൃഷ്ണൻ നായരുടെ മകൻ പി.ബി. സുരേഷാണ് (42) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 ഓടെയാണ് അപകടം. പുളിയൻമല നൂറേക്കർ എസ്റ്റേറ്റ് ഭാഗത്ത് പോസ്റ്റിൽ സ്റ്റേവയർ കെട്ടാൻ സഹപ്രവർത്തകരോട് ഒപ്പം ശ്രമിക്കുന്നതിനിടെയാണ് അപകടം. ചാഞ്ഞുനിന്ന പോസ്റ്റിൽ സ്റ്റേക്കമ്പി കെട്ടാൻ കയറിയ സുരേഷ് സേഫ്റ്റി ബെൽറ്റ് ധരിച്ച് പോസ്റ്റുമായി ഉറപ്പിച്ച ശേഷമാണ് പണി തുടങ്ങിയത്. കമ്പി വലിച്ചു കെട്ടുന്നതിനിടെ ചുവടിളകിനിന്ന പോസ്റ്റ് മറിഞ്ഞു വിഴുകയായിരുന്നു. സേഫ്റ്റി ബെൽറ്റ് പോസ്റ്റുമായി ഘടിപ്പിച്ചതിനാൽ ചാടി മാറാനായില്ല. പോസ്റ്റിനൊപ്പം താഴേക്ക് പതിച്ച് ഗുരുതര പരിക്കേറ്റ സുരേഷിനെ സഹപ്രവർത്തകർ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടന്മേട് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: രഞ്ജിനി. മക്കൾ: ദേവി കൃഷ്ണ, ദയ കൃഷ്ണ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.