എടവണ്ണ: ഇതര സംസ്ഥാന തൊഴിലാളികളുടെ ഒന്നര വയസ്സുള്ള മകൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. പത്തപ്പിരിയം പെരുവിൽകുണ്ടിൽ താമസിക്കുന്ന ഫയജു റഹ്മാൻ-ഷാഹിദാ ബീഗം ദമ്പതികളുടെ മകൻ മസൂദ് ആലം ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പിതാവ് ജോലി ചെയ്യുന്ന പെരുവിൽകുണ്ടിലെ കോഴി ഫാമിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ഉടനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ എടവണ്ണ പൊലീസ് അസാധാരണ മരണത്തിന് കേസെടുത്തു.