തൊടുപുഴ: മുഹമ്മദ്കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പ്രതീക്ഷയോടെ നാട് കൈകോർത്തിട്ടും ഫലമുണ്ടായില്ല. അർബുദം ബാധിച്ച് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലിരുന്ന ചിലവ് കരിക്കംപറമ്പിൽ അബ്ദുറസാഖിെൻറ മകൻ മുഹമ്മദ്കുട്ടിയാണ് (24) നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തി തിങ്കളാഴ്ച വിട പറഞ്ഞത്. മൂന്നുവർഷത്തോളമായി മുഹമ്മദ്കുട്ടി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇതിനിടെ, നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വപ്നം കണ്ട സർക്കാർ ജോലിയും ലഭിച്ചു. എക്സൈസ് വകുപ്പിൽ ഡ്രൈവർ ആയിട്ടായിരുന്നു നിയമനം. രോഗം മൂർച്ഛിച്ചതോടെ ജോലിക്ക് പോകാനാവാത്ത അവസ്ഥയായി. ഒരു വർഷം കൂടി നീളുന്ന ചികിത്സയിലൂടെ രോഗം ഭേദമാക്കാനാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ, ചികിത്സയുടെ ഭാരിച്ച ചെലവ് നിർധന കുടുംബത്തിന് താങ്ങാനാവാത്തതായിരുന്നു. തുടർന്നാണ് ചിലവ് ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ ചികിത്സസഹായനിധി രൂപവത്കരിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. ഏവർക്കും പ്രിയപ്പെട്ടവനായ മുഹമ്മദ്കുട്ടിയുടെ ജീവൻ രക്ഷിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു എല്ലാവരും. മാതാവ്: സൽമ (ചീനിത്തൊട്ടിയിൽ കുടുംബാംഗം). സഹോദരൻ: ഫിറോസ് മൗലവി.