തിരൂരങ്ങാടി: മമ്പുറം പഴയ പാലത്തിൽനിന്ന് പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. എടരിക്കോട് രായിൻ മരക്കാർ വീട്ടിൽ മുജീബ് റഹ്മാനാണ് (49) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 6.30ന് പാലത്തിൽനിന്ന് ഒരാൾ പുഴയിൽ ചാടിയതായി യാത്രക്കാർ പറഞ്ഞതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. തിരൂരങ്ങാടി തഹസിൽദാർ പി.എസ് ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്. രാത്രി ഏറെ വൈകിയും കിട്ടാതായതോടെ തിരച്ചിൽ അവസാനിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.30ന് തിരച്ചിൽ പുനരാരംഭിച്ചു. ഉച്ചയോടെ ചാടിയ സ്ഥലത്തിന് സമീപം തന്നെ മൃതദേഹം കണ്ടെത്തി.
മുജീബിെൻറ ചെരുപ്പ് പാലത്തിൽ ഉണ്ടായിരുന്നു. ഇത് ചൊവ്വാഴ്ച തന്നെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ചെറിയ രീതിയിൽ മാനസിക വൈകല്യമുള്ളതായി ബന്ധുക്കൾ പറഞ്ഞു. തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: സീനത്ത്. മക്കൾ: മുബാറക്, മുഹ്സിൻ, മുസവ്വിർ, മുസമ്മിൽ, മുഹ്സിന.