കിളിമാനൂർ: സിമൻറുമായി വന്ന ലോറി നിര്‍ത്തിയിട്ടശേഷം മുകളില്‍ കെട്ടിയിരുന്ന ടാര്പ്പോളിന് മാറ്റുന്നതിനിടെ കാല്‍വഴുതി വീണ് ഡ്രൈവര്‍ മരിച്ചു. മടവൂര്‍ ചാലില്‍ പുളിമൂട് ആരാമത്തില്‍ വിജില്‍ (34) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിയോടെ പകല്‍ക്കുറി ആറയില്‍ കവലക്ക് സമീപമായിരുന്നു അപകടം. മടവൂരിലെ സിമൻറ് ഏജന്‍സിക്കുവേണ്ടി തമിഴ്നാട്ടില്‍ നിന്ന് 620 ചാക്ക് സിമൻറ് ആറയിലെ സിമൻറ്കട്ട കമ്പനിയിലേക്കെത്തിച്ച് ഇറക്കാന്‍ തയാറെടുക്കുമ്പോഴാണ് അപകടം. ലോറിക്ക് മുകളില്‍ വിരിച്ചിരുന്ന ടാര്പ്പോളിന് അഴിച്ചുമാറ്റിയ ശേഷം താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ, കാല്‍വഴുതി വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിജില്‍ താഴെ വീണ വിവരം സമീപത്തുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. 25 മിനിറ്റിനുശേഷമാണ് വിജില്‍ വീണുകിടക്കുന്നത് സ്ഥാപനത്തിലെ ജീവനക്കാരന് കണ്ടത്. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയില്‍ മുഖത്തും താടിയെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന വിജില്‍ കോവിഡ് പശ്ചാത്തലത്തിൽ ഉപജീവനമാർഗം ഇല്ലാതായതോടെയാണ് സിമൻറ് ലോറിയിലേക്ക് ഡ്രൈവറായി മാറിയത്. അവിവാഹിതനാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് മോർച്ചറിയിൽ. പള്ളിക്കല്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. വിജയന്-പുഷ്പവല്ലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രതീഷ്, മനോജ്.