വണ്ടൂർ: ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. തിരുവാലി കെ.എസ്.ഇ.ബി സെക്ഷൻ ഒാഫിസിലെ ലൈൻമാനായ മേലേ കോഴിപറമ്പിൽ ചിലമ്പൻ ഹരിദാസനാണ് (50) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ വണ്ടൂർ-മഞ്ചേരി റോഡിലെ സാഗർ ഹോട്ടലിന് സമീപത്താണ് സംഭവം. മകളെ ഡോക്ടറെ കാണിക്കാനായി പോകുന്നതിനിടെ ടിപ്പർ ലോറി പുറകോട്ടെക്ക് എടുക്കുന്നതിനിടെയാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ഹരിദാസനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മരിച്ചത്. അപകടത്തിൽ മകൾ പരിക്കേൽക്കാതെ രക്ഷപെട്ടു. മൃതദേഹം വണ്ടൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം നിലമ്പൂർ വാതകശ്മശാനത്തിൽ സംസ്കരിച്ചു.
ഭാര്യ: യമുന. മക്കൾ: ചൈതന്യ, യഥുൽഹരി. സഹോദരങ്ങൾ: ശിവൻ (സെക്രട്ടറി സി.പി.എം കോഴിപറമ്പ് ബ്രാഞ്ച്), രുഗ്മിണി, ശോഭന, വിജയകുമാരി, സുരേഷ്, മോഹൻദാസ്.