പൊന്നാനി: മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്ത്തകൻ മരിച്ചു. ബൈക്ക് യാത്രികനായ പൊന്നാനി കുറ്റിക്കാട് സ്വദേശിയും എന്‍.സി.വി ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസറും വാര്‍ത്ത അവതാരകനുമായ വിക്രമനാണ് (44) മരിച്ചത്. സ്കൂട്ടർ യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
കാർ ഡ്രൈവറായ എടപ്പാൾ സ്വദേശി ടി.പി. ഉനൈസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10.30 ഓടെ പൊന്നാനി-എടപ്പാൾ റോഡിൽ പുഴമ്പ്രത്താണ് സംഭവം. മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാര്‍ രണ്ട് ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു.
കാര്‍ ഒടിച്ച യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്ന വിക്രമെൻറ ബൈക്കിനെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പുഴമ്പ്രത്ത് നിര്‍ത്തിയിട്ട മറ്റൊരു സ്കൂട്ടറിനെയും കാര്‍ ഇടിച്ചുതെറിപ്പിച്ചു. ഈ ബൈക്കില്‍ ഇരിക്കുകയായിരുന്ന രണ്ടു യുവാക്കളും ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വിക്രമനെ അപകടം നടന്ന ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശേഖരന്-ജാനകി ദമ്പതികളുടെ മകനാണ് വിക്രമൻ. ഭാര്യ: സരിത. മക്കൾ: ആദിനിവേദ്, ആശിര്‍വാദ്.