പെരിന്തല്‍മണ്ണ: തെരുവുനായുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. അസം നാഗവൺ ജില്ലയിൽ ശലകതിപതാർ സ്വദേശി ഇനായത്തുല്ലയാണ് (31) മരിച്ചത്. ആഗസ്റ്റ് 31നാണ് കടിയേറ്റത്. പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ സൈക്കിൾ ഷോപ്പിൽ ക്ലീനിങ്ങിനും സാധനങ്ങൾ ഇറക്കാനുമായി എത്തിയതായിരുന്നു. അതിനിടെയാണ് കടിയേറ്റത്. ഇവിടെ നിന്നും 13കാരനായ വിദ്യാർഥിക്കും കടിയേറ്റിരുന്നു. ഇനായത്തുല്ല പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തി പേവിഷത്തിനെതിരെ കുത്തിവെപ്പ് എടുത്തു. ഡോക്ടർ പറഞ്ഞത് പ്രകാരം മൂന്നിനും എട്ടിനും ആശുപത്രിയിൽ എത്തി കുത്തിവെപ്പെടുത്തു.
രണ്ടു ദിവസം മുമ്പ് പനി വന്നതോടെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെത്തി ചികിത്സതേടി. ഇവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച മരിച്ചു. നാട്ടിൽ ഭാര്യയും മൂന്നു പെൺമക്കളുമുണ്ട്. തൂതക്ക് സമീപം വാടക ക്വാട്ടേഴ്സിലാണ് താമസിച്ചിരുന്നത്.