കുമളി: തേക്കടിയിൽ ഹോട്ടലുടമയെ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി. ഗ്രീൻ പാലസ് ഹോട്ടൽ ഉടമ മുരളീധരനാണ് (45) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കെട്ടിടത്തിലെ സി.സി ടി.വിയിൽ കെട്ടിടത്തിന് മുകളിൽനിന്ന് മുരളീധരൻ വീഴുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ മുരളീധരനും കുടുംബവും വർഷങ്ങൾക്കുമുമ്പാണ് തേക്കടിയിലെത്തി ഹോട്ടൽ തുടങ്ങിയത്. മൂന്ന് നിലയുള്ള കെട്ടിടത്തിെൻറ ഏറ്റവും മുകളിൽനിന്നാണ് ചാടിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബ വഴക്കാണ് ആത്മഹത്യക്കിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞദിവസം രാത്രി കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയും കുടുംബാംഗങ്ങളും സമീപത്തെ വീട്ടിലായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിെൻറ ഭാഗമായി കെട്ടിടത്തിന് മുകളിൽ ഗ്യാസ് സിലിണ്ടറും ലൈറ്ററും എത്തിച്ചിരുന്നു. ഇത് നടക്കാതെ വന്നപ്പോഴാണ് ചാടിയതെന്നാണ് പൊലീസ് നിഗമനം. നിരവധി മുറികളുള്ള ഹോട്ടൽ വർഷങ്ങളായി മറ്റൊരാൾക്ക് നടത്തിപ്പിന് നൽകിയിരിക്കുകയാണ്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശൽവ ഭാനുമതി. മകൾ: ശിവരഞ്ജിനി.