കുമളി: തമിഴ്നാട് അതിർത്തിയിലെ ഗൂഡല്ലൂരിൽ കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഗൂഡല്ലൂർ കാമാക്ഷിയമ്മൻകോവിൽ തെരുവിൽ കർണൻ (50), കണ്ണൻ (45) എന്നിവരാണ് മരിച്ചത്. പാൽ വ്യാപാരികളായ ഇരുവരും വീട്ടിലേക്ക് പോകുംവഴി കുമളിക്ക് വരുകയായിരുന്ന കാർ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് യാത്രികരായ ഇരുവരും തൽക്ഷണം മരിച്ചു. ഗൂഡല്ലൂർ പൊലീസ് ഇൻസ്പെക്ടർ മുത്തുമണിയുടെ നേതൃത്വത്തിൽ മൃതദേഹങ്ങൾ കമ്പം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന ശിവകാശി സ്വദേശി സുബ്ബയ്യയെ (36) അറസ്റ്റ് ചെയ്തു.