കരുനാഗപ്പള്ളി: ടി.എസ് കനാലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളത്തിൽനിന്ന് കായലിൽ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചവറ കോയിവിള മാമ്പുഴ പടിഞ്ഞാറ്റതിൽ കൃഷ്ണദാസിെൻറ (58) മൃതദേഹമാണ് കണ്ടെടുത്തത്. വ്യാഴാഴ്ച കാട്ടിൽകടവിന് സമീപം വൈകീട്ട് 4.30 ഓടെ ചെറുവള്ളത്തിൽ മറ്റൊരു തൊഴിലാളിക്കൊപ്പം മീൻ പിടിക്കുന്നതിനിടെ കൃഷ്ണദാസ് കായലിൽ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ക്ലീറ്റസ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ആലുംകടവ് ഭാഗത്ത് മൃതദേഹം കണ്ടതായി നാട്ടുകാർ അറിയിച്ചതിനെതുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെ സംസ്കരിക്കും. ഭാര്യ: ഗീതാകുമാരി. മക്കൾ: ഗീതു, നീതു, നിഥിൻ. മരുമക്കൾ: സജീവൻ, രഞ്ജിത്.