തിരൂരങ്ങാടി: യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ചെറുമുക്ക് വെസ്റ്റ് വലിയപീടിയേക്കൽ കുഞ്ഞാലി ഹാജിയുടെ മകൻ യാസർ അറഫാത്താണ് (36) മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. അധ്യാപികയായ ഭാര്യ ശബാനയെ കോളജിലാക്കി യാസർ മടങ്ങിയെത്തിയിരുന്നു. ഇതിനുശേഷമാണ് വീട്ടിൽ ഇദ്ദേഹത്തെ തീപൊള്ളലേറ്റ നിലയിൽ നാട്ടുകാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പൊള്ളലേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ മരിച്ചു. താനൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പോസറ്റ്മോർട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച ചെറുമുക്ക് പള്ളിയിൽ ഖബറടക്കി. താനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാതാവ്: ഫാത്തിമ. മക്കൾ: ഹാദി മുഹമ്മദ്, ഹനാൻ.