പൊലീസ് കേസെടുത്തു
അടൂർ: തൈറോയ്ഡ് ശസ്ത്രക്രിയയെത്തുടർന്ന് അടൂർ വില്ലേജ് ഓഫിസർ മരിച്ചു. സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫിസർ കലയപുരം പൂവറ്റൂർ കിഴക്ക് വാഴോട്ട് വീട്ടിൽ ജയകുമാറിെൻറ ഭാര്യ എസ്. കലയാണ് (49) മരിച്ചത്. ചികിത്സ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ഈ മാസം ഒന്നിന് ശസ്ത്രക്രിയക്ക് വിധേയയായ കലയുടെ ആരോഗ്യസ്ഥിതി മോശമായതോടെ വിദഗ്ധ ചികിത്സക്ക് ശനിയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ പത്തരയോടെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
കലയുടെ സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പരേതയുടെ വീടായ കലയപുരം പൂവറ്റൂർ വാഴോട്ട് വീട്ടിൽ നടക്കും. രാവിലെ 10ന് അടൂർ റവന്യൂ ടവറിന് സമീപമുള്ള മുനിസിപ്പാലിറ്റി ഗ്രൗണ്ടിൽ മൃതദേഹം അരമണിക്കൂർ പൊതുദർശനത്തിന് വെക്കും. മക്കൾ: വി.ജെ. ഐശ്വര്യ, വി.ജെ. അക്ഷയ്. മരുമകൻ: ജഗദീഷ് കുമാർ.