താനൂർ: താനൂർ ദേവധാർ മേൽപാലത്തിൽ ലോറിയും മിനി ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ട് മുനീറാണ് (40) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. കോഴിക്കോട്ടുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും തിരൂർ ഭാഗത്തുനിന്ന് യാത്രക്കാരുമായി വരുകയായിരുന്ന മിനി ബസുമാണ് കൂട്ടിയിടിച്ചത്. ദേവധാർ ടോൾ ബൂത്തിന് സമീപം മറ്റൊരു വാഹനത്തെ മറികടന്ന് ലോറി പോകുന്നിതിനിടയിൽ എതിരെ വന്ന മിനി ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ ലോറി ഡ്രൈവർ ക്യാബിനകത്ത് കുടുങ്ങുകയും ലോറി ക്ലീനർ പുറത്തേക്കു തെറിച്ചുവീഴുകയും ചെയ്തു. താനൂർ കളരിപ്പടിയിൽനിന്നും തിരൂരിൽനിന്നും അഗ്നിരക്ഷാസേന യൂനിറ്റുകൾ എത്തി ഒരു മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ഉടൻ തിരൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. ബസിലെ ചില യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.