കോട്ടക്കൽ: പെരിന്തൽമണ്ണ-കോട്ടക്കൽ റോഡിൽ പുത്തൂർ അരിച്ചോളിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അരിച്ചോൾ സ്വദേശി ചുള്ളിയൻ മിഥുൻ രാജാണ് (21) മരിച്ചത്. സഹയാത്രികൻ ഉദിരാണി സ്വദേശി തേവശ്ശേരി ഫാരിസിന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കും കോട്ടക്കലിലേക്ക് വരുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. ചങ്കുവെട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മിഥുൻ രാജ് മരിച്ചു. വേങ്ങര കുറ്റാളൂർ മലബാർ കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. കോളജിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. അരിച്ചോൾ പവർ കിങ് ക്ലബ് പ്രവർത്തകനും മികച്ച ഫുട്ബാൾ കളിക്കാരനുമായിരുന്നു മിഥുൻ. മാതാവ്: ബിന്ദു. സഹോദരിമാർ: കാഞ്ചന, മൃദുല. മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.