പത്തിരിപ്പാല: പാലക്കാട് -കുളപ്പുള്ളി സംസ്ഥാന പാതയിൽ മങ്കര കണ്ണംബരിയാരത്ത് സ്കൂട്ടർ യാത്രക്കാരൻ കാറിടിച്ച് മരിച്ചു. വിമുക്ത ഭടനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ മാങ്കുറുശി വടക്കേ പതിയാർ (ആതിരാലയം) രാജേഷ് (48) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാർ രാജേഷ് സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ രാജേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അപകടത്തെ തുടർന്ന് നിർത്തിയിട്ട കാർ പിന്നീട് സ്ഥലം വിട്ടതായി പറയുന്നു. കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഭാര്യ: പരേതയായ അജിത. മകൻ: രോഹിത്. പിതാവ്: സുകുമാര പണിക്കർ. മാതാവ്: പത്മാവതി. സഹോദരങ്ങൾ: രമേശ്, രജിത.