കൊടുവായൂർ: കോയമ്പത്തൂർ ഹൈവേയിൽ കാഴ്ചപ്പറമ്പിനടുത്ത് നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ച് കൊടുവായൂർ സ്വദേശിയായ യാത്രക്കാരൻ മരിച്ചു. കൊടുവായൂർ കിഴക്കേത്തല പുത്തൻവീട്ടിൽ മുഹമ്മദലിയുടെ മകൻ ഷാൻഫാസാണ് (26) മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ന് കാഴ്ചപ്പറമ്പിലാണ് അപകടം. കഞ്ചിക്കോട്ടെ സ്റ്റീൽ കമ്പനിയിൽ ജോലിക്കാരനായ ഷാൻഫാസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി കേടായതിനെത്തുടർന്ന് റോഡിൽ നിന്നുപോയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ ഷാൻഫാസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: അസ്മ. സഹോദരി: നജ്മ.