നെടുമങ്ങാട്: സി.പി.എം ജില്ല കമ്മിറ്റി മുൻ അംഗവും നെടുമങ്ങാട് താലൂക്കിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ ചുള്ളിമാനൂർ ആട്ടുകാൽ പുളിയറത്തല വീട്ടിൽ എ.ജി. തങ്കപ്പൻ നായർ (85) നിര്യാതനായി. 1950ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. പിളർപ്പിനെ തുടർന്ന് സി.പി.എം പക്ഷത്ത് അടിയുറച്ചുനിന്നു. 1954ൽ നെടുമങ്ങാട് ചന്തസമരത്തിൽ വളൻറിയറായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവും ജയിൽവാസവും നയിച്ചു. തുടർന്ന് ദീർഘകാലം സി.പി.എം താലൂക്ക് കമ്മിറ്റിയുടെ സെക്രട്ടറിയുടെ ചുമതല വഹിച്ചു. വിതുര, നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗമായും ഏറെക്കാലം പ്രവർത്തിച്ചു. ദീർഘകാലം ഇടതുമുന്നണി നെടുമങ്ങാട് മണ്ഡലം കൺവീനറായിരുന്നു. പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായും ആനാട് ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായും സേവനമനുഷ്ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ നേതാവായും നെടുമങ്ങാട് താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ, ആട്ടുകാൽ ക്ഷീര സഹകരണ സംഘം ഭാരവാഹി, റേഷൻ വ്യാപാരി സംഘടന ഭാരവാഹി, കാംകോ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മൃതദേഹം പൊതുദർശനത്തിനുശേഷം വൈകീട്ട് മൂന്നോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ശ്യാമളാദേവിയാണ് ഭാര്യ. മക്കൾ: സജി ടി.എസ്, ബൈജു ടി.എസ്(പൊലീസ് ഓഫിസേഴ്സ് അസോ. ജില്ല പ്രസിഡൻറ്), ഷീബ ടി.എസ്(കൺസ്യൂമർ ഫെഡ്). മരുമക്കൾ: കെ. ജയചന്ദ്രൻ നായർ (എക്സ് സർവിസ്), ടി. ലതാംബിക (സഹകരണ വകുപ്പ്), മഞ്ചു പി (എസ്.എൻ എച്ച്.എസ്.എസ് ഉഴമലയ്ക്കൽ).