പട്ടാമ്പി: കുലുക്കല്ലൂരിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികെൻറ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ എടപ്പലം പാലത്തിനടുത്ത് കണ്ടെത്തി. കൊപ്പം മണ്ണേങ്ങോട് ചക്രത്തു വീട്ടിൽ ശങ്കരൻ എഴുത്തച്ഛനാണ് (75) ബുധനാഴ്ച വൈകീട്ട് ആറരയോടെ കുലുക്കല്ലൂർ തത്തനംപുള്ളിയിൽ പുഴയിൽ ഒഴുക്കിൽപെട്ടത്. തറവാട് ക്ഷേത്രം സ്ഥിതിചെയ്യുന്ന തത്തനംപുള്ളിയിലെത്തിയ ഇദ്ദേഹം വൈകുന്നേരം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പട്ടാമ്പി, പെരിന്തൽമണ്ണ, മലപ്പുറം ഫയർഫോഴ്സ് യൂനിറ്റുകളും പ്രദേശത്തെ പ്രധാന മുങ്ങൽ വിദഗ്ധരും രണ്ടു ദിവസം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഭാര്യ: ലക്ഷ്മി. മക്കൾ: മീനാക്ഷിപ്രിയ, വാണീദേവി, വിവേകാനന്ദൻ.