കരേക്കാട്: നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാർഥന ഫലിച്ചില്ല. ഒടുവിൽ മുണ്ടിയമ്മ മരണത്തിന് കീഴടങ്ങി. കരേക്കാട് ചേനാടൻ കുളമ്പ് കാരായിപറമ്പിൽ അയ്യപ്പെൻറ ഭാര്യ മുണ്ടിയമ്മയാണ് (77) മരിച്ചത്. ഒക്ടോബർ 10ന് ഉച്ചക്ക് കാണാതായ മുണ്ടിയമ്മയെ വ്യാപകമായ തിരച്ചിലിനൊടുവിൽ ആറാം ദിവസം ചേനാടൻ കുളമ്പിലെ വിജനമായ ചെങ്കുത്തായ ചരിവിൽ അബോധാവസ്ഥയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരൂർ ഗവ. ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ല ആശുപത്രിയിൽ ചികിത്സക്കിടെ ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് മരിച്ചത്. പ്രദേശത്തെ വീടുകളിൽ സ്ഥിര സന്ദർശനം നടത്തുന്ന മുണ്ടിയമ്മ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. ഇവരെ കാണാതായത് മുതൽ നാട്ടുകാർ സ്വന്തം നിലക്ക് തിരച്ചിൽ നടത്തുകയും സാമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. റൂട്ട് മാപ് തയാറാക്കി സന്നദ്ധ സംഘടനകളെയും നാട്ടുകാരെയും ഉൾപ്പെടുത്തി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒക്ടോബർ 15ന് രാവിലെ 10ന് മുണ്ടിയമ്മയെ കണ്ടെത്തിയത്. മക്കൾ: കൃഷ്ണൻ, സുബ്രഹ്മണ്യൻ, ലതീഷ്, ശാന്ത, മീനാക്ഷി, ലക്ഷ്മി. മരുമക്കൾ: ഇന്ദിര, സരോജിനി, ബിന്ദു, ചന്ദ്രൻ, കോത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.