പട്ടാമ്പി: വിളയൂർ നിമ്മിനിക്കുളം ചിറക്കൽ പാടശേഖരത്തിൽ കർഷകനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂളക്കാപറമ്പിൽ പരേതനായ കുഞ്ഞലവിയുടെ മകൻ അബൂബക്കറാണ് (64) മരിച്ചത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റാണ് മരണമെന്ന് കരുതുന്നു. രാവിലെ വീടിന് സമീപത്തെ കൃഷിയിടത്തിലേക്ക് പോയതായിരുന്നു. കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി കമ്പി പൊട്ടി താഴെ കിടക്കുന്നുണ്ട്. പാടശേഖരത്തിൽ പന്നിശല്യം ഒഴിവാക്കാനായി കമ്പിവേലി കെട്ടിയിട്ടുണ്ട്. കമ്പി വേലിയുടെ മുകളിലേക്കാണ് വൈദ്യതി ലൈൻ പൊട്ടിവിണിരിക്കുന്നത്. ഇതിൽനിന്ന് ഷോക്കേറ്റതാവാമെന്ന് കരുതുന്നു. അബൂബക്കറിെൻറ കാലിൽ പൊള്ളലേറ്റിട്ടുണ്ട്. പട്ടാമ്പി സി.ഐ മുനീർ, കൊപ്പം എസ്.ഐ എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ഖദീജ. മക്കൾ: അബ്ദു റഊഫ്, അബ്ദു റഹീം, റംസിയ, റസീന, റഷീദ. മരുമക്കൾ: ഷമീറ, നജിദ, അബ്ദുസ്സലാം, മുസ്തഫ, ഷഫീഖ്.