ചെറുതോണി: മധ്യവയസ്കനെ പങ്കു കൃഷിക്കാരെൻറ പടുതാക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഉദയഗിരി തുണ്ടിയിൽ ചാക്കോ ജോണാണ് (58) മരിച്ചത്. ഉദയഗിരിയിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന ചാക്കോയെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കാണാതായതിനെ തുടർന്ന് വൈകുന്നേരത്തോടെ നടത്തിയ അന്വേഷണത്തിലാണ് വളവനാട്ട് ബോസിെൻറ പുരയിടത്തിലെ പടുതാക്കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. സമീപം ചെരിപ്പും മാസ്കും ഉണ്ടായിരുന്നു. തുടർന്ന് പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി ശ്രമം നടത്തിയെങ്കിലും 15 അടിയിലേറെ വെള്ളമുണ്ടായിരുന്ന പടുതാക്കുളത്തിൽനിന്ന് മൃതദേഹം ലഭിച്ചില്ല. തുടർന്ന് വെള്ളം പമ്പുചെയ്ത് കളഞ്ഞശേഷം രാത്രി 12നാണ് മൃതദേഹം കണ്ടെടുത്തത്. ചാക്കോ സുഹൃത്തുമായി ചേർന്ന് ഏലം കൃഷി നടത്തിയിരുന്നു. എന്നാൽ, പങ്ക് കൃഷിക്കാരൻ തന്നെ ചതിക്കുകയായിരുന്നെന്നും കൃഷിമൂലമുണ്ടായ കടബാധ്യതയും ബുദ്ധിമുട്ടും കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ചാക്കോയെ ചതിച്ച് സാമ്പത്തികമായും മാനസികമായും പീഡിപ്പിച്ചതുമൂലമാണ് ആത്മഹത്യ ചെയ്തതെന്നും ഇതിനുത്തരവാദിയായ സുഹൃത്തിനെ അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ആൻസി. മക്കൾ: അഞ്ജു (ഇസ്രായേൽ), അജിമോൾ, അമൽ (കാനഡ). മരുമക്കൾ: അരുൺ, അതുൽ. സംസ്കാരം പിന്നീട്.