പന്തളം: മഞ്ഞപ്പിത്തം ബാധിച്ച് 14 വയസ്സുകാരി മരിച്ചു. പന്തളം ചേരിക്കൽ മുടിയൂർക്കോണം പുന്തല പടിഞ്ഞാറ്റേതിൽ ബിജു-ശ്രീലേഖ ദമ്പതികളുടെ മകൾ സുധീജയാണ് (14) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മഞ്ഞപ്പിത്തം കൂടിയതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. അടൂർ ഗവ. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി ചൊവ്വാഴ്ച മാറ്റും. സുബിൻ ഏക സഹോദരനാണ്. പന്തളം എൻ.എസ്.എസ് ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. മികച്ച കലാകാരി കൂടിയായ സുധീജ അടുത്തിടെ ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. മുമ്പ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.