പന്തളം: ദുരൂഹസാഹചര്യത്തിൽ അന്തർസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ മാള്‍ഡ സ്വദേശി ശ്യാം ചന്ദ്രൻദാസിെൻറ മകൻ ഫനീന്ദ്രദാസാണ് (45) മരിച്ചത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് പന്തളം പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഇയാള്‍ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അടുത്തുള്ള കെട്ടിടത്തിൽ വാടകക്ക് താമസിക്കുകയായിരുന്നു. തലയില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് കരുതുന്നു. ശരീരത്തില്‍ ചതവുകളുമുണ്ട്. സ്ഥലത്ത് എത്തിച്ച പൊലീസ് നായ് മണം പിടിച്ച് സമീപത്തെ ബാർ ഹോട്ടലിനു പിന്നിലുള്ള അന്തർസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് എത്തി. തുടർന്ന് കെട്ടിടത്തിൽ താമസിച്ചിരുന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നു. തിങ്കളാഴ്ച രാത്രിയോടെ പന്തളം ടൗണിലെ ബാറിൽനിന്ന് മരിച്ചയാളും മറ്റൊരാളും മദ്യപിച്ച് ഇറങ്ങിവരുന്നത് സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഒപ്പണ്ടായിരുന്ന ആളെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുകയാണ്. അടൂർ ഡിവൈ.എസ്.പി ആർ. ബിനു, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാര്‍, എസ്.ഐ ശ്രീജിത് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അടൂർ ഗവ.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനക്കുശേഷം ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും.